നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഞങ്ങള്‍ക്ക് വളരെ വിലപ്പെട്ടതാണ്‌, കൂടാതെ നിങ്ങള്ക്ക് ഈ ബ്ലോഗില്‍ എന്തെങ്കിലും പ്രസിദ്ധീകരിക്കണം എങ്കില്‍ ഞങ്ങളെ ഈ ഇമെയില്‍ വഴി ബന്ധപ്പെടുക info.hinduismonline@gmail.com. നിങ്ങളുടെ പേരോട് കൂടി തന്നെ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

Tuesday, March 16, 2010

Ashtavakra_Gita


അഷ്ടാവക്രന്റെ ശാസ്ത്രാര്‍ഥ സംബന്ധിയായ സിദ്ധാന്തങ്ങള്‍ അഷ്ടാവക്രസംഹിതയില്‍ സമാഹരിച്ചിരിക്കുന്നു.

"നാം അസാധാരണമായൊരു യാത്രയ്‌ക്കൊരുമ്പെടുകയാണ്‌. മനുഷ്യന്‌ അവന്റേതായി പലേ വിശുദ്ധഗ്രന്ഥങ്ങളുമുണ്ട്‌. എന്നാല്‍ അഷ്‌ടാവക്രഗീതയോട്‌ താരതമ്യപ്പെടുത്താവുന്നതായി ഒന്നും തന്നെയില്ല. അതിനുമുന്നില്‍ വേദങ്ങള്‍ നിഷ്‌പ്രഭങ്ങളാണ്‌. ഉപനിഷത്തുക്കള്‍ വെറും പിറുപിറുക്കലാണ്‌. അഷ്‌ടാവക്രസംഹിതയില്‍ കാണപ്പെടുന്നതായ ഗാംഭീര്യം ഭഗവത്‌ഗീതയില്‍ പോലും കാണാന്‍ കഴിയില്ല...." : ഓഷോ

ബ്രഹ്മാദ്വൈതവാദിയും താര്‍ക്കികനുമായ ഒരു മഹര്‍ഷി. മഹാഭാരതത്തിലെ ആരണ്യപര്‍വത്തില്‍ അഷ്ടാവക്രീയം കഥ പ്രതിപാദിച്ചിട്ടുണ്ട്. കഹോഡന്‍ എന്നൊരു ബ്രഹ്മജ്ഞാനിയായ ബ്രാഹ്മണന്‍ തന്റെ ആചാര്യനായ ഉദ്ദാലകന്റെ മകള്‍ സുജാതയെ വിവാഹം ചെയ്തു. അവള്‍ ഗര്‍ഭിണിയായി. എപ്പോഴും ധ്യാനനിരതനായിരുന്ന കഹോഡന്‍ ഭാര്യയെപ്പറ്റി നിര്‍വിചാരനായി കഴിഞ്ഞുകൂടി. ഗര്‍ഭസ്ഥനായ ശിശു ഈ അനാസ്ഥയെച്ചൊല്ലി അച്ഛനെ പഴിച്ചു. കഹോഡന്‍ കുപിതനായി, 'വയറ്റില്‍ കിടന്ന് ഇത്രത്തോളം പറഞ്ഞ നീ എട്ടുവളവുകളോടുകൂടി ജനിക്കും' എന്നു ശപിച്ചു. പിതാവ് വേദോച്ചാരണത്തില്‍ അശുദ്ധപാഠം ചൊല്ലുന്നതുകേട്ട് ഗര്‍ഭസ്ഥനായ ശിശു പരിഹസിച്ചു ചിരിച്ചതിനാല്‍ കുപിതനായാണ് ഈ ശാപം നല്കപ്പെട്ടതെന്നു മറ്റൊരു ഐതിഹ്യം പ്രസ്താവിക്കുന്നു. മഹാഭാരതത്തില്‍ പറയുന്നത് രാത്രിയില്‍ വേദാധ്യയനം ചെയ്തതിന് അച്ഛനെ മകന്‍ പരിഹസിച്ചു എന്നാണ്. ഭാര്യയ്ക്കു ഗര്‍ഭം തികഞ്ഞപ്പോള്‍ ധനം തേടി കഹോഡന്‍ ജനകരാജാവിന്റെ യാഗത്തില്‍ സംബന്ധിക്കാന്‍ പോയി. അവിടെവച്ച് വന്ദി എന്നൊരു പണ്ഡിതനോടു വാഗ്വാദത്തില്‍ തോറ്റു. തത്സംബന്ധമായി നിശ്ചയിച്ചിരുന്ന വ്യവസ്ഥപ്രകാരം കഹോഡന്‍ വെള്ളത്തില്‍ ആഴ്ത്തപ്പെട്ടു.

സുജാത പ്രസവിച്ച ശിശു പിതൃശാപം മൂലം എട്ടു വളവുകളോടുകൂടിയാണ് ജനിച്ചത്. അതിനാല്‍ അഷ്ടാവക്രനെന്നു പേരുകിട്ടി. 12 വയസ്സായപ്പോള്‍ പിതാവിനു നേരിട്ട അപമൃത്യുവെപ്പറ്റി അറിഞ്ഞു. തന്റെ അമ്മാവനായ ശ്വേതകേതുവിനോടൊന്നിച്ചു മിഥിലയിലെത്തി, അച്ഛനെ തോല്പിച്ച വന്ദിയെ വാദപ്രതിവാദത്തില്‍ ജയിച്ചു. വ്യവസ്ഥപ്രകാരം തോറ്റയാളെ വെള്ളത്തില്‍ മുക്കണമെന്നു രാജാവിനോടാവശ്യപ്പെട്ടു. തത്സമയം താന്‍ വരുണന്റെ പുത്രനാണെന്നും വരുണന്‍ നടത്തുന്ന ഒരു യാഗത്തിനു ബ്രാഹ്മണരെ എത്തിച്ചുകൊടുക്കാന്‍വേണ്ടിയാണ് അവരെ വാദത്തില്‍ തോല്പിച്ച് വെള്ളത്തില്‍ മുക്കിയതെന്നും അവരെല്ലാം ജീവനോടുകൂടി ഇരിക്കുന്നുണ്ടെന്നും വന്ദി വെളിപ്പെടുത്തി. ജലഗര്‍ഭത്തില്‍നിന്നും കഹോഡനെ തിരികെവരുത്തി. അഷ്ടാവക്രന്‍ പിതാവിന്റെ നിര്‍ദേശപ്രകാരം സമംഗ എന്ന പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ചതോടെ വളവുകള്‍ എല്ലാം പോയി സുഭഗനായിത്തീരുകയും പിന്നീട് സുപ്രഭയെന്നൊരു മുനിപുത്രിയെ വിവാഹം കഴിക്കുകയും ചെയ്തു.

അഷ്ടാവക്രമഹര്‍ഷിയും ജനകരാജാവും തമ്മില്‍ നടന്നതായി കരുതപ്പെടുന്ന ആധ്യാത്മിക ചര്‍ച്ചകള്‍ ഉള്‍ക്കൊള്ളുന്ന ഒരു അദ്വൈതവേദാന്തകൃതി. അനുഷ്ടുപ്പു വൃത്തത്തില്‍ 298 ശ്ലോകങ്ങളുള്ള ഈ ഗ്രന്ഥം 20 അധ്യായങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു (21 അധ്യായങ്ങളെന്നും മതഭേദമുണ്ട്). ഇരുപതില്‍ 13 അധ്യായങ്ങള്‍ അഷ്ടാവക്രന്റെയും ഏഴധ്യായങ്ങള്‍ ജനകന്റെയും വാക്കുകളെന്നാണു സങ്കല്പം. ഈ കൃതിയില്‍ 100 ശ്ലോകങ്ങള്‍ ഉള്ള ഒരു വലിയ അധ്യായവും (18) 4 ശ്ലോകങ്ങള്‍ മാത്രമുള്ള മൂന്നു ചെറിയ അധ്യായങ്ങളും (6, 8, 14) ഉണ്ട്.

മഹാഭാരതാന്തര്‍ഗതമായ ഭഗവദ്ഗീതയുടെ രീതിയില്‍ ഗുരുശിഷ്യസംവാദരൂപത്തിലാണ് അഷ്ടാവക്രഗീത നിബദ്ധമായിട്ടുള്ളത്. ജനകമഹാരാജാവ് ശിഷ്യനെന്ന നിലയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അഷ്ടാവക്രന്‍ ഗുരുവെന്ന നിലയില്‍ നല്കുന്ന ഉത്തരങ്ങളും അവ കേട്ട് ആത്മജ്ഞാനിയുടെ സ്ഥിതിയിലെത്തിച്ചേര്‍ന്ന ജനകന്റെ സ്വാനുഭൂതികഥനവും ആണ് കൃതിയുടെ ഉള്ളടക്കം. വളരെ ലളിതമായ ശൈലിയില്‍ ഗഹനമായ വേദാന്തരഹസ്യങ്ങള്‍ ചര്‍ച്ച ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തില്‍ ഏകജീവവാദവും സൃഷ്ടിവാദവും ശുദ്ധമായ നിലയില്‍ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം കലര്‍പ്പില്ലാത്ത അദ്വൈതവിചാരപദ്ധതി ഉപദേശിച്ചുതരുന്നു.

'സാകാരമനൃതം വിദ്ധി

നിരാകാരന്തു നിശ്ചലം'. (അധ്യാ. 1. 18)

ആകാരത്തോടുകൂടിയതെല്ലാം അസത്യവും നിരാകാരമായിട്ടുള്ളത് നിശ്ചലമായ സത്യവസ്തുവും ആകുന്നു. ഈ തത്ത്വം ശരിയായി മനസ്സിലാക്കുന്ന പക്ഷം സംസാരബന്ധം പിന്നീട് ഉണ്ടാവുകയില്ല. ഇതാണ് അഷ്ടാവക്രമഹര്‍ഷി നല്കുന്ന ഉപദേശം. തീവ്രമായ ജിജ്ഞാസയുണ്ടെങ്കില്‍ ഈ ജന്‍മത്തില്‍ത്തന്നെ ആര്‍ക്കും തത്ത്വസാക്ഷാത്കാരം സിദ്ധിക്കുമെന്ന അസന്ദിഗ്ധ പ്രഖ്യാപനമാണ് ഇവിടെ കാണുന്നത്.

അദ്വൈതവേദാന്തഗ്രന്ഥകാരന്‍മാര്‍ തത്ത്വപ്രകാശനത്തിനു വേണ്ടി സ്വീകരിക്കാറുള്ള ചമത്കാരഭാസുരങ്ങളായ കല്പനകള്‍ അഷ്ടാവക്രഗീതയിലും കാണാം. ഉദാ.

'മയ്യനന്തമഹാംഭോധൗ

ചിത്തവാതേ പ്രശാമ്യതി

അഭാഗ്യാജ്ജീവവണിജോ

ജഗത്പോതോ വിനശ്വരഃ' (അധ്യാ. 2. 24)

ജീവനെ ജഗത്താകുന്ന കപ്പല്‍കൊണ്ട് സംസാരസമുദ്രത്തില്‍ സഞ്ചരിക്കുന്ന ഒരു കച്ചവടക്കാരനായും മനസ്സാകുന്ന കൊടുങ്കാറ്റ് അടങ്ങി സാര്‍വത്രികമായ പ്രശാന്തിയുണ്ടാകുമ്പോള്‍ അയാളുടെ ഭാഗ്യദോഷത്തിന് ആ യാനപാത്രം പൊളിഞ്ഞുപോകുന്നതായും രൂപണം ചെയ്യുന്ന ഒരു വിചിത്ര കല്പനയാണ് പ്രസ്തുത ശ്ളോകത്തില്‍ കാണുന്നത്. സാധാരണ സമുദ്രത്തില്‍ കൊടുങ്കാറ്റും തിരമാലകളും ഉള്ളപ്പോഴാണ് കപ്പല്‍ മുങ്ങിപ്പോകുന്നത്. എന്നാല്‍ ചിദാനന്ദസമുദ്രത്തിലെ സ്ഥിതി ഭിന്നമാണ്. എല്ലാം പ്രശാന്തമാകുമ്പോളത്രെ അവിടെ കപ്പല്‍ തകര്‍ന്നുപോകുന്നത്. ഇപ്രകാരമുള്ള കല്പനകള്‍കൊണ്ട് ചിന്തോദ്ദീപകവും ഹൃദയഹാരിയും ആണ് ഈ കൃതി

4 comments:

  1. അഷ്ടാവക്രഗീതയെക്കുറിച്ചുള്ള ഓഷോവിന്റെ വ്യാഖ്യാനം വളരെ നന്നായിട്ടുണ്ടെങ്കിലും, വേദോപനിഷത്തുക്കളെ നിന്ദിച്ചതിനെ അംഗീകരിക്കുവാനാവില്ല. ഏതു വിഷയത്തിനെക്കുറിച്ചു സംസാരിക്കുമ്പോഴും അതിനെ വാനോളം പുകഴ്ത്തുകയും, മറ്റു പലതിനെയും ചവിട്ടിത്താഴ്ത്തുകയും ചെയ്യുന്നത് ഓഷോവിന്റെ ശീലമായിരുന്നു. അതുകൊണ്ട് ഓഷോവിന്റെ ഇത്തരം അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നത് അബദ്ധമാണ്.

    ReplyDelete
  2. താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും, കാരണം അഷ്ടവക്ര മഹര്‍ഷി ഗര്‍ഭത്തില്‍ കിടന്നു തന്നെ വേദങ്ങളും മറ്റും കേട്ടാണ് വളര്‍ന്നത്‌, അതില്‍ നിന്ന് തന്നെയാവണം അദ്ദേഹന്‍ ജ്ഞാനം ആര്ജിച്ചതും.

    ReplyDelete
  3. ഏതു ഗ്രന്ഥത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ട് ഒന്നിനേയും വിലകുറച്ചു കാണാന്‍ പാടില്ല..അതുപോലെതന്നെ ഏതൊരു വസ്തുവും

    ReplyDelete
  4. ആചാര്യന്‍മ്മാര്‍ ഒരു ഗ്രന്ഥം പഠിപ്പിക്കുമ്പോള്‍ മറ്റുള്ളത് തള്ളിപ്പറയുന്നത് ഒരു രീതിയാണ് അതിനര്‍ത്ഥം ആ ഗ്രന്ഥങ്ങള്‍ മോശമാണ് എന്നല്ല .പഠിക്കുന്നവന്‍ പൂര്‍ണ്ണമായും ആ ഗ്രന്ഥത്തിലെ തത്വം ഉള്‍കൊള്ളാന്‍ വേണ്ടിയാണ് ,ഇത് ഓഷോ മാത്രമല്ല ഒട്ടുമിക്ക ആചാര്യന്‍മ്മാരും ചെയ്യുന്നതാണ് .സത്യം അറിഞ്ഞവരുടെ കാര്യങ്ങള്‍ അറിയാത്തനമുക്ക് പെട്ടന്ന് മനസ്സിലാകുന്നില്ല എന്നെ ഉള്ളൂ .ഗുരുനിന്ദ നന്നല്ല ..ഹരി ഓം

    ReplyDelete

Related Posts with Thumbnails
Bookmark and Share